സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്ന മികച്ച ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധുനികവും വികസിതവുമായ ഒരു മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനുള്ള എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ പരിശ്രമങ്ങളുടെ സ്വാഭാവിക തുടർച്ചയാണ് ഈ ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തോടൊപ്പം ജനകീയ ക്ഷേമത്തിനും ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ വേതന വർധനയും ബിരുദ പഠനം സൗജന്യമാക്കിയതും ഇതിന്റെ തെളിവുകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക പൂർണമായും നൽകുമെന്നും ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ഒരു ഗഡു അനുവദിക്കുമെന്നും പ്രഖ്യാപിച്ചത് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യമായ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും. ശമ്പളപരിഷ്കരണത്തിൽ അഞ്ച് വർഷമെന്ന നയം തുടരുമെന്നും ക്ഷേമ പെൻഷൻ കുടിശ്ശികകൾ പൂർണമായും തീർപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. തൊഴിലുറപ്പ് പദ്ധതിക്ക് മുൻവർഷത്തേക്കാൾ ആയിരം കോടി രൂപ അധികമായി അനുവദിച്ചതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ 100 കോടി രൂപ വകയിരുത്തിയത് ചരിത്രപരമായ തീരുമാനമാണെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഓട്ടോ സ്റ്റാന്റുകൾ സ്മാർട്ടാക്കൽ, ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക ഹബ്ബുകളുടെ സ്ഥാപനം എന്നിവയും ബജറ്റിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. യുവാക്കൾക്കായി 400 കോടി രൂപയുടെ ‘കണക്റ്റ് ടു വർക്ക്’ സ്കോളർഷിപ്പ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കും വലിയ പിന്തുണയാണ് സർക്കാർ ഉറപ്പുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ രാഷ്ട്രീയ മറുപടിയാണ് ഈ ബജറ്റെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
