രാഹുൽ പുറത്തേക്കോ; നിയമസഭാ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുമോയെന്ന വിഷയത്തിൽ നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ചർച്ച നടത്തും. രാഹുലിനെതിരായി സമർപ്പിച്ച പരാതിയിൽ പ്രാഥമിക വിലയിരുത്തൽ തിങ്കളാഴ്ച നടക്കുമെന്നാണ് വിവരം. സിപിഎം എംഎൽഎ ഡി.കെ. മുരളി നൽകിയ പരാതിയാണ് കമ്മിറ്റി പരിഗണിക്കുന്നത്.

അയോഗ്യത സംബന്ധിച്ച കാര്യങ്ങളിൽ നിശ്ചിത നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിയമസഭാ ചട്ടം. നിലവിലെ സഭാ സമ്മേളനത്തിനിടെ തന്നെ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത. നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തിയതായി ആരോപിച്ച് രാഹുലിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നതാണ് പരാതിയിലെ പ്രധാന ആവശ്യം.

അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഎൽഎമാരെ, എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നിയമസഭയിൽ നിന്ന് പുറത്താക്കാൻ വ്യവസ്ഥകളുണ്ട്. ഇതിനായി മറ്റ് എംഎൽഎമാർ നൽകിയ പരാതികൾ അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് വാമനപുരം എംഎൽഎ ഡി.കെ. മുരളി പരാതി നൽകിയത്.

കമ്മിറ്റി രാഹുലിന്റെയും മുരളിയുടെയും മൊഴികൾ രേഖപ്പെടുത്തും. പരാതിയോട് അനുബന്ധിച്ച തെളിവുകൾ പരാതിക്കാരൻ ഹാജരാക്കേണ്ടതുണ്ട്. കോടതി നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും അടിസ്ഥാനമാക്കിയാണ് മുരളിയുടെ പരാതി തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമായാൽ ആരെയായാലും മൊഴിയെടുക്കാൻ സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക