മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് മേശപ്പുറത്ത് വെച്ചതിന് പിന്നാലെ ബജറ്റ് പ്രസംഗം ആരംഭിച്ചു.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴി (Mineral Corridor) ബജറ്റിൽ പ്രഖ്യാപിച്ചു. വിഴിഞ്ഞം–ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും ഉൾപ്പെടുത്തിയിരുന്നു. ധാതുസമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ഖനനം, സംസ്കരണം തുടങ്ങിയ മേഖലകൾ ശക്തിപ്പെടുത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് ധാതു ഇടനാഴി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 40,000 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. കേരളത്തിന്റെ ധാതുസമ്പത്ത് കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയെ ഗ്ലോബൽ ബയോ-ഫാർമ മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്നതിനായി 10,000 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. കണ്ടെയ്നർ നിർമ്മാണത്തിന് 5,000 കോടി രൂപ അനുവദിച്ചു. നെയ്ത്തുകാരും കരകൗശല വിദഗ്ധരും പ്രയോജനപ്പെടുന്ന നാഷണൽ ഹാൻഡ്ലൂം–ഹാൻഡിക്രാഫ്റ്റ്സ് പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിനും ഗവേഷണത്തിനുമായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കൂടാതെ ചെറുകിട പദ്ധതികൾക്കായി 2,000 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
