മഹാരാഷ്ട്രയിൽ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയത് ബിജെപിയുടെ തന്ത്രമോ?

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതിന് പിന്നിൽ ബിജെപിയുടെ വലിയ രാഷ്ട്രീയ തന്ത്രമുണ്ടെന്ന് ശിവസേന ഉദ്ധവ് വിഭാഗം ആരോപിക്കുന്നു . പാർട്ടിയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരിക്കുന്നത്. അജിത് പവാറിനെ രാഷ്ട്രീയമായി തളർത്താനും നിയന്ത്രിക്കാനുമാണ് ബിജെപി ഈ നീക്കം നടത്തിയതെന്നുമാണ് ആരോപണം.

പവാർ കുടുംബത്തിനുള്ളിൽ ഭിന്നത സൃഷ്ടിച്ച് അധികാരം ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സാമ്ന ലേഖനം കുറ്റപ്പെടുത്തുന്നു. ഉപമുഖ്യമന്ത്രി പദം നൽകി സുനേത്ര പവാറിനെ ഭരണത്തിന്റെ മുൻനിരയിലേക്കെത്തിച്ചെങ്കിലും ഇത് എൻസിപിയിലെ ആഭ്യന്തര തർക്കങ്ങൾ വർധിപ്പിക്കുമെന്നു മുഖപത്രം നിരീക്ഷിക്കുന്നു.

ഈ നിയമനം മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിക്കുള്ളിലെ അസ്വാരസ്യങ്ങൾ പുറത്തുകൊണ്ടുവരുന്നതായും, അജിത് പവാറിനെ നിസ്സഹായനാക്കി ബിജെപി സംസ്ഥാന ഭരണം നിയന്ത്രിക്കുകയാണെന്നുമാണ് വിമർശനം. കുടുംബാംഗങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ ശൈലിയാണ് ബിജെപി പിന്തുടരുന്നതെന്നും ശിവസേന ആരോപിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ ബിജെപി അധികാരവും ഭരണഘടനാ സ്ഥാപനങ്ങളും ദുരുപയോഗം ചെയ്യുന്നതായും സാമ്ന ചൂണ്ടിക്കാട്ടുന്നു. അജിത് പവാർ പക്ഷം ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, സുനേത്ര പവാറിന്റെ നിയമനം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക