ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭാ എത്തിക്സ് കമ്മിറ്റി വഴി അയോഗ്യനാക്കാനുള്ള നീക്കത്തെ കോൺഗ്രസ് എതിർത്തു. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ ഇത്തരത്തിൽ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് പാർട്ടിയുടെ നിലപാട്.
യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഘടകകക്ഷികളും ഇതേ അഭിപ്രായം പങ്കുവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ പുറത്താക്കിയ നടപടി തുടരുമെങ്കിലും, എംഎൽഎ സ്ഥാനത്ത് നിന്നുള്ള അയോഗ്യതാ നടപടിയെ കോൺഗ്രസ് പിന്തുണയ്ക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
ഇതിനിടെ, രാഹുലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഡി.കെ. മുരളിയെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഹിയറിംഗിനായി വിളിപ്പിച്ചിട്ടുണ്ട്. ഈ മാസം 23ന് ഹാജരാകാനാണ് നിർദേശം. എന്നാൽ മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുകളുണ്ടെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
രാഹുലിന്റെ കേസുകൾ സഭയിൽ ക്രമപ്രശ്നമായി ഉന്നയിക്കാൻ അനുമതി വേണമെന്ന മുരളിയുടെ ആവശ്യമാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതിന്റെ സാംഗത്യത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. മുരളിയുടെയും തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെയും വിശദീകരണം കേട്ട ശേഷമായിരിക്കും കമ്മിറ്റി അന്തിമ തീരുമാനത്തിലെത്തുക.
സാങ്കേതിക നടപടികൾ പൂർത്തിയാകാൻ സമയം ആവശ്യമായതിനാൽ, ഈ നിയമസഭാ സമ്മേളനത്തിനിടെ രാഹുലിനെതിരായ അന്തിമ നടപടികൾ ഉണ്ടാകാൻ സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു.
