അതിവേഗ റെയിൽ; RRTS പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്

തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽ യാത്ര യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതി സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നു. 583 കിലോമീറ്റർ നീളമുള്ള ഈ ബൃഹദ് പദ്ധതിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി.

ഡൽഹി–മീററ്റ് RRTS മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ നേരത്തെ തന്നെ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ഭൂരിഭാഗവും തൂണുകളിലൂടെ കടന്നുപോകുന്ന രീതിയിലാണ് പാത രൂപകൽപ്പന ചെയ്യുന്നത്. ഭൂമി ഏറ്റെടുക്കൽ പരമാവധി കുറയ്ക്കുന്നതിനായി ആവശ്യമായ ഇടങ്ങളിൽ തുരങ്കങ്ങളും ഉപയോഗിക്കും.

പദ്ധതി നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ 284 കിലോമീറ്റർ ദൈർഘ്യമുള്ള ‘തിരുവിതാംകൂർ ലൈൻ’ നിർമ്മിക്കും. 2027-ൽ നിർമ്മാണം ആരംഭിച്ച് 2033-ഓടെ ഈ ഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. തുടർന്ന് തൃശൂർ–കോഴിക്കോട് ‘മലബാർ ലൈൻ’, കോഴിക്കോട്–കണ്ണൂർ ‘കണ്ണൂർ ലൈൻ’, കണ്ണൂർ–കാസർകോട് ‘കാസർകോട് ലൈൻ’ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 2039-ഓടെ പദ്ധതി പൂർണ്ണമായും പ്രവർത്തനസജ്ജമാകും.

ഏകദേശം 1,92,780 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൽ 20 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കും. ശേഷിക്കുന്ന 60 ശതമാനം തുക വായ്പയിലൂടെ കണ്ടെത്താനാണ് തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ഉടൻ കൂടിയാലോചനകൾ ആരംഭിക്കുമെന്നും, വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാകുന്നതോടെ ചെലവിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക