അമേരിക്കയുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടി അവസാനിക്കുന്നു; ലോകം കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് റഷ്യ

റഷ്യയും യുഎസും തമ്മിലുള്ള പ്രധാന ആണവായുധ കുറയ്ക്കൽ ഉടമ്പടിയായ ന്യൂ START കാലഹരണപ്പെടുന്നതോടെ ലോകം കൂടുതൽ അപകടകരമായ അവസ്ഥയിലേക്കു നീങ്ങുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 5ന് കരാർ ഔദ്യോഗികമായി അവസാനിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ, കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ റഷ്യ തയ്യാറാണെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. യുഎസ് ഈ നീട്ടൽ നിരസിച്ചാൽ അത് ആഗോളവും തന്ത്രപ്രധാനവുമായ സുരക്ഷയ്ക്ക് ഗുരുതരമായ ദോഷം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2011ൽ ഒപ്പുവച്ച ന്യൂ START ഉടമ്പടി ശീതയുദ്ധാനന്തര കാലത്ത് ആണവ അപകടസാധ്യത കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു.

2021ൽ ഇത് അവസാനമായി ദീർഘിപ്പിച്ചിരുന്നു. കരാർ പ്രകാരം ഇരുരാജ്യങ്ങൾക്കും കൈവശം വയ്ക്കാനും വിന്യസിക്കാനും കഴിയുന്ന ആണവായുധങ്ങളുടെയും വിതരണ സംവിധാനങ്ങളുടെയും എണ്ണത്തിന് പരിധിയുണ്ട്. ഉക്രെയ്ൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കരാറിലെ പരിശോധനാ സംവിധാനങ്ങൾ റഷ്യ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

റഷ്യൻ ആണവ പ്രതിരോധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളിൽ പാശ്ചാത്യ ശക്തികൾക്ക് പങ്കുണ്ടെന്നാരോപിച്ച പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, നാറ്റോ പരിശോധനകൾ പുനരാരംഭിക്കണമെന്ന ആവശ്യം “അസംബന്ധം” ആണെന്നും പറഞ്ഞു.

അതേസമയം, ചൈനയെ ഉൾപ്പെടുത്തി പുതിയൊരു കരാറിലൂടെ ന്യൂ START മാറ്റിസ്ഥാപിക്കണമെന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക