സർക്കാർ ഓഫീസുകളിൽ അഞ്ച് പ്രവൃത്തി ദിവസം: സർവീസ് സംഘടനകളുടെ യോഗം വീണ്ടും വിളിച്ച് ചീഫ് സെക്രട്ടറി

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കുന്നതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകളുടെ യോഗം വീണ്ടും വിളിച്ച് ചീഫ് സെക്രട്ടറി. നേരത്തെ മാറ്റിവച്ചിരുന്ന യോഗമാണ് ഇപ്പോൾ ചേരുന്നത്.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം നടക്കുക.
ഓരോ സർവീസ് സംഘടനയിൽ നിന്നും ഒരോ പ്രതിനിധിയെ മാത്രം യോഗത്തിൽ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബാങ്ക് ജീവനക്കാർ സമരം നടത്തിയിരുന്നു. അതുപോലെ തന്നെ സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിച്ചു വരികയാണ്.

പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന ശുപാർശ ഭരണപരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും മുമ്പേ മുന്നോട്ടുവച്ചിരുന്നു. ഇതിന് പകരമായി ദിവസേന ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്ന നിർദേശമാണ് മുന്നിലുളളത്. ഒരു മണിക്കൂർ ജോലി സമയം കൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ, പൊതുഅവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെ സംഘടനകൾ ശക്തമായി എതിർക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക