നിയമമായി; കേരള വന ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി

കേരള വനഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. സ്വകാര്യ ഭൂമിയില്‍ ഉള്ള ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇങ്ങനെ വില്‍ക്കുന്ന ചന്ദനമരത്തിന്റെ മുഴുവന്‍ വിലയും ഭൂ ഉടമയ്ക്ക് ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുകയും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുകയും ചെയ്യുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് സ്വന്തം ഭൂമിയിലെ ചന്ദനമരം മുറിച്ച് വില്‍ക്കാന്‍ അധികാരമില്ല. ഉണങ്ങിയതോ അപകടകരമായതോ ആയ മരങ്ങളും, വീടുവെക്കുന്നതിനായി സ്ഥലത്തുള്ള മരങ്ങളും മാത്രം സമിതിയുടെ പരിശോധനയ്ക്കും ശിപാര്‍ശയ്ക്കും ശേഷം മുറിക്കാന്‍ അനുമതിയുണ്ട്. സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും ഭൂ ഉടമയ്‌ക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമാണുള്ളത്.

ഗവര്‍ണര്‍ അംഗീകരിച്ച ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ വനകുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുമതിയോടെ രാജിയാക്കാന്‍ സാധിക്കും. ഫൈന്‍ അടച്ച് കേസുകള്‍ അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ നിസ്സാര കേസുകളില്‍ ജയില്‍ ശിക്ഷ ഒഴിവാകും. എന്നാല്‍ ഗുരുതര കുറ്റങ്ങള്‍ രാജിയാക്കാന്‍ അനുവദിക്കില്ല.

1961ലെ വനനിയമത്തില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥ തസ്തികകളിലെ വ്യത്യാസങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംഎല്‍എമാരുടെയും സബ്ജക്ട് കമ്മിറ്റികളുടെയും നിര്‍ദ്ദേശം മാനിച്ച്, 64 വര്‍ഷമായി വനം വാച്ചര്‍മാര്‍ക്ക് ഉണ്ടായിരുന്ന അറസ്റ്റ് അധികാരവും ബില്ലിലൂടെ ഒഴിവാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക