കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയുമായി പുതിയ നയതന്ത്ര പോരാട്ടത്തിന് തുടക്കമിടുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു. കശ്മീർ പാകിസ്ഥാന്റെ ഭാഗമാകുമെന്ന ആവർത്തനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. മേഖലയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ചും ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി പ്രമേയങ്ങൾ നടപ്പിലാക്കിയും മാത്രമേ കശ്മീർ തർക്കത്തിന് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
മുസാഫറാബാദിലെ നിയമസഭയിൽ പ്രസംഗിക്കവെ, കശ്മീരിനോടുള്ള പാകിസ്ഥാൻ ജനതയുടെയും നേതൃത്വത്തിന്റെയും അചഞ്ചലമായ പിന്തുണ തുടരുമെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. കശ്മീരിനോടുള്ള പ്രതിബദ്ധത പാകിസ്ഥാന്റെ വിദേശനയത്തിന്റെ അടിസ്ഥാനമാണെന്നും, രാജ്യത്തിന്റെ സ്ഥാപകൻ മുഹമ്മദ് അലി ജിന്ന ഈ പ്രദേശത്തെ പാകിസ്ഥാന്റെ “കഴുത്ത് സിര” എന്നാണു വിശേഷിപ്പിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മേഖലയിൽ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നീതിയിലും സമത്വത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളാണെന്നും എന്നെന്നേക്കുമായി അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ പിന്തുണ നൽകുന്നുവെന്ന ആരോപണം ഇന്ത്യ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.
