ഇതിന് മുമ്പ് യുദ്ധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത ഒരു ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് തെക്കൻ ഇറാനിലെ ലാമെർഡ് നഗരത്തിലെ സ്കൂളിനും സ്പോർട്സ് ഹാളിനുമെതിരെ അമേരിക്ക ആക്രമണം നടത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ദൃശ്യങ്ങളും ആയുധ വിദഗ്ധരുടെ വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണിത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആദ്യഘട്ട ആക്രമണത്തിനിടെയാണ് സംഭവം നടന്നത്. അതേ ദിവസം ഇറാനിലെ മിനാബ് നഗരത്തിലെ ഒരു പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിലും മിസൈൽ ആക്രമണം ഉണ്ടായിരുന്നു . ഇറാനിയൻ അധികൃതരുടെ കണക്കുകൾ പ്രകാരം, ഈ ആക്രമണത്തിൽ കുട്ടികളടക്കം 175 പേർ കൊല്ലപ്പെട്ടു. ലാമെർഡിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
പ്രെസിഷൻ സ്ട്രൈക്ക് മിസൈൽ (PrSM) ഉപയോഗിച്ചതിന് സമാനമായ നാശനഷ്ടങ്ങളാണ് ലാമെർഡ് ആക്രമണത്തിൽ ഉണ്ടായതെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പൊട്ടിത്തെറിച്ച് ചെറുതായ ടംഗ്സ്റ്റൺ കണങ്ങൾ പരത്തുന്ന രീതിയിലാണ് ഈ മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രമാണ് ഈ ആയുധം പ്രോട്ടോടൈപ്പ് ഘട്ടം പൂർത്തിയാക്കിയത്.
ലാമെർഡിലെ സ്കൂളും സ്പോർട്സ് ഹാളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സൗകര്യത്തിന് സമീപമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കുറഞ്ഞത് 15 വർഷമായി ഇവ സിവിലിയൻ സ്ഥാപനങ്ങളായി പ്രവർത്തിച്ചുവരുന്നതായും ഗൂഗിൾ മാപ്സ് ഉൾപ്പെടെയുള്ള മാപ്പിംഗ് സേവനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
പുതിയ മിസൈൽ ആയതിനാൽ ആക്രമണം മനഃപൂർവ്വമാണോ, രൂപകൽപ്പനയിലോ ഇന്റലിജൻസിലോ ഉണ്ടായ പിഴവിന്റെ ഫലമാണോ എന്ന് വിലയിരുത്താൻ ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, ഔദ്യോഗിക കണക്കുകൾ പ്രകാരം ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ആയിരത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. മിനാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിസമ്മതിച്ചെങ്കിലും സംഭവത്തെ കുറിച്ച് പെന്റഗൺ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
