കോൺഗ്രസ് വോട്ട് മറിച്ചില്ലെങ്കിൽ ബിജെപി ഒരിടത്തും ജയിക്കില്ലെന്നത് ഗ്യാരണ്ടി: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ കോൺഗ്രസിന്റെ രഹസ്യ പിന്തുണയില്ലാതെ ബിജെപിക്ക് ഒരൊറ്റ സീറ്റിലും വിജയിക്കാൻ സാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് വോട്ട് മറിക്കാത്ത സാഹചര്യത്തിൽ ബിജെപി എവിടെയും ജയിക്കില്ലെന്നത് ഉറപ്പാണെന്നും അദ്ദേഹം ആവർത്തിച്ചു.

തിരഞ്ഞെടുപ്പ് രംഗത്ത് ഇപ്പോൾ കാണുന്ന ചിത്രം യഥാർത്ഥ സാഹചര്യമല്ലെന്നും, പല സ്ഥലങ്ങളിലും ശക്തമായ അടിയൊഴുക്കുകൾ നിലനിൽക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മന്ത്രി വി. ശിവൻകുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. ഇടതുമുന്നണിയിലില്ലാത്ത ആരുമായും സി.പി.എം രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വർഗീയ വോട്ടുകളെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച ഗോവിന്ദൻ മാസ്റ്റർ , ജമാഅത്തെ ഇസ്‌ലാമിയെ വർഗീയ ശക്തിയെന്ന നിലയിൽ എല്ലാവരും അംഗീകരിച്ച സാഹചര്യത്തിൽ അവരുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം സതീശന് ഉണ്ടോ എന്ന് ചോദിച്ചു. അസത്യപ്രചാരണങ്ങൾ നടത്തുന്നവർ യു.ഡി.എഫിന്റെ പ്രചാരകരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക