കേരളത്തിൽ പുതിയ ലേബർ കോഡ് നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. കോറോ ഹെൽത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൂട്ടപ്പിരിച്ചുവിടൽ ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ ഇടപെടൽ.

കോർപ്പറേറ്റ് മൂലധന ശക്തികൾക്ക് അനുകൂലമായി കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെ ഗുരുതരമായി ബാധിക്കുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കോറോ ഹെൽത്തിലെ പിരിച്ചുവിടലെന്ന് കത്തിൽ പിണറായി വിജയൻ ആരോപിക്കുന്നു.

കേരളത്തിൽ പുതിയ ലേബർ കോഡുകൾ ഇതുവരെ വിജ്ഞാപനം ചെയ്ത് നടപ്പാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്, 1947 പ്രകാരമാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിയമപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

എന്നിട്ടും നിയമലംഘനം നടത്താൻ കമ്പനിക്ക് ധൈര്യം ലഭിക്കുന്നത് സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും നിസ്സംഗ സമീപനം കൊണ്ടാണെന്ന് പിണറായി വിമർശിച്ചു. കോർപ്പറേറ്റ് കമ്പനികൾ തൊഴിലാളികളെ തെരുവിലേക്കിറക്കുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുൻകൂർ നോട്ടീസോ അർഹമായ നഷ്ടപരിഹാരമോ നൽകാതെ തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള അനുമതിപത്രമായി പുതിയ ലേബർ കോഡുകൾ മാറുകയാണെന്ന് പിണറായി കത്തിൽ പറയുന്നു. ഐടി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവരടക്കമുള്ള വലിയൊരു വിഭാഗം തൊഴിലാളികളെ ഇത്തരം തൊഴിൽപരിഷ്കാരങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നും കോറോ ഹെൽത്തിലെ നടപടി അതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പനി മാനേജ്മെന്റിന്റെ ധാർഷ്ട്യത്തിന് മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കരുതെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക