ബ്രിട്ടന്റെ റോയൽ നേവി ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് മുൻ ബ്രിട്ടീഷ് നാവികസേനാ മേധാവി ലോർഡ് അലൻ വെസ്റ്റ് ആരോപിച്ചു. പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി യുദ്ധക്കപ്പലുകൾ സർവീസിൽ നിന്ന് പിൻവലിച്ചതോടെ നാവികസേനയുടെ ശേഷി ഗണ്യമായി കുറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
ബ്രിട്ടീഷ് മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നിലവിൽ യുകെയ്ക്ക് പ്രവർത്തനക്ഷമമായ അഞ്ച് ഫ്രിഗേറ്റുകൾ മാത്രമാണുള്ളത്. ഉഭയജീവി ആക്രമണ കപ്പലുകൾ ഇല്ലാത്ത അവസ്ഥയിലേക്കും റോയൽ നേവി എത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ടൈപ്പ് 83 ഡിസ്ട്രോയറുകളും ടൈപ്പ് 32 ഫ്രിഗേറ്റുകളും ഉൾപ്പെടെയുള്ള ചില പുതിയ പദ്ധതികൾ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സർക്കാർ ഉപേക്ഷിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
നാവികസേനയുടെ നിലവിലെ അവസ്ഥയെ രൂക്ഷമായി വിമർശിച്ച ലോർഡ് അലൻ വെസ്റ്റ്, രാജ്യത്തിന് നിർവഹിക്കേണ്ട ചുമതലകൾ ഏറ്റെടുക്കാൻ ആവശ്യമായ കപ്പലുകൾ പോലും ഇപ്പോൾ ലഭ്യമല്ലെന്ന് പറഞ്ഞു. പ്രതിരോധ രംഗത്ത് ഇത് അതീവ ആശങ്കാജനകമായ സാഹചര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1667-ലെ രണ്ടാം ആംഗ്ലോ-ഡച്ച് യുദ്ധകാലത്ത് ഡച്ചുകാർ ചാത്തം നാവികത്താവളം ആക്രമിച്ച സംഭവത്തിന് ശേഷമുള്ള ഏറ്റവും ദുർബല ഘട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ ആക്രമണത്തിൽ ബ്രിട്ടന് കനത്ത നഷ്ടമുണ്ടാകുകയും പിന്നീട് സമാധാന കരാറിൽ ഒപ്പുവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സ്റ്റാർമർ സർക്കാർ അധികാരത്തിലെത്തിയ ശേഷം നാല് ഫ്രിഗേറ്റുകൾ, രണ്ട് ആക്രമണ കപ്പലുകൾ, രണ്ട് ടാങ്കറുകൾ, ഒരു ആണവ ആക്രമണ അന്തർവാഹിനി എന്നിവ സർവീസിൽ നിന്ന് ഒഴിവാക്കിയതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു. 1982-ലെ ഫോക്ക്‌ലാൻഡ് യുദ്ധത്തിൽ ബ്രിട്ടന് നഷ്ടമായ ഏഴ് കപ്പലുകളേക്കാൾ കൂടുതലാണിത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കഴിഞ്ഞ മാസം ബ്രിട്ടന്റെ പ്രവർത്തനക്ഷമമായ എല്ലാ ആണവ ആക്രമണ അന്തർവാഹിനികളും അറ്റകുറ്റപ്പണികൾക്കായി തുറമുഖങ്ങളിൽ തുടരുകയാണെന്ന് ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ തുടങ്ങിയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യയിൽ നിന്നുള്ള സുരക്ഷാഭീഷണി ഉയർത്തിക്കാട്ടി പ്രതിരോധ ചെലവ് വർധിപ്പിക്കുകയും സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നതിനിടെയാണ് റോയൽ നേവിയുടെ ശേഷിക്കുറവിനെക്കുറിച്ചുള്ള ഈ വിമർശനങ്ങളും റിപ്പോർട്ടുകളും പുറത്തുവരുന്നത്.
