പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും, തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും ആരോപിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.
ബിജെപി പ്രവർത്തകൻ പ്രതിയായ കേസിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടസ്സം സൃഷ്ടിക്കുകയാണെന്ന് മമത ആരോപിച്ചു.
“ബാരൂയിപൂരിലെ സംഭവം അതീവ ഗുരുതരമായ നിലയിലേക്ക് മാറിയിരിക്കുകയാണ്. ജനങ്ങൾക്ക് ഇത് സഹിക്കാനാവില്ല. എന്റെ വീടിന് പുറത്ത് ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് റോഡിന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഞങ്ങളെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പൊലീസ് ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും നിലവിലെ സാഹചര്യം അതാണ്,” എന്ന് മമത ബാനർജി പ്രതികരിച്ചു.
12 വയസ്സുകാരിയുടെ കൊലപാതകത്തെ തുടർന്ന് ബാരൂയിപൂർ മേഖലയിൽ വ്യാപക പ്രതിഷേധവും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ ജനരോഷം ശക്തമായതോടെ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
സംഭവം പശ്ചിമ ബംഗാളിൽ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. കേസിലെ അന്വേഷണം സുതാര്യമായും വേഗത്തിലും പൂർത്തിയാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
