അമേരിക്കയിലുടനീളം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായി സംഘടിപ്പിച്ച “നോ കിംഗ്സ്” പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സാമ്പത്തിക മാന്ദ്യം, ഉയർന്ന ജീവിതച്ചെലവ്, ഇറാനുമായുള്ള സംഘർഷം എന്നിവയ്ക്ക് ട്രംപിന്റെ നയങ്ങളാണ് കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
2025 ജൂണിൽ ആരംഭിച്ച “നോ കിംഗ്സ്” പ്രസ്ഥാനത്തിന്റെ മൂന്നാംഘട്ടമായാണ് പുതിയ പ്രതിഷേധങ്ങൾ നടക്കുന്നത്. “രാജാവില്ല, കിരീടമില്ല, ഞങ്ങൾ പിന്മാറില്ല” എന്ന മുദ്രാവാക്യമുയർത്തിയാണ് രാജ്യവ്യാപകമായി റാലികൾ സംഘടിപ്പിച്ചത്.
ശനിയാഴ്ച പ്രധാന നഗരങ്ങൾ മുതൽ പ്രാന്തപ്രദേശങ്ങളിലേക്കും ചെറിയ കമ്മ്യൂണിറ്റികളിലേക്കും വ്യാപിച്ചായിരുന്നു പ്രതിഷേധം. പാട്ടുപാടിയും മുദ്രാവാക്യം മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയും ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലടക്കമുള്ള പ്രദേശങ്ങളിൽ പോലും റാലികളുടെ പകുതിയിലധികം നടന്നതായി സംഘാടകർ വ്യക്തമാക്കി.
“അമേരിക്കക്കാരെന്ന നിലയിൽ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ ദേശസ്നേഹപരവും സമാധാനപരവുമായി വിനിയോഗിക്കാൻ ഈ റാലികൾ വേദിയൊരുക്കുന്നു,” “നോ കിംഗ്സ്” പ്രസ്ഥാനം ആരംഭിച്ച എസ്രാ ലെവിൻ സി.എൻ.എന്നിനോട് പറഞ്ഞു.
പ്രതിഷേധങ്ങൾ ഒരേയൊരു വിഷയത്തിൽ ഒതുങ്ങുന്നതല്ലെന്നും, ട്രംപ് ഭരണകൂടത്തിന്റെ വിവിധ നയങ്ങളോടുള്ള വ്യാപകമായ എതിർപ്പാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും സംഘാടകർ വ്യക്തമാക്കി. കുടിയേറ്റ നയം, തിരഞ്ഞെടുപ്പ് പ്രക്രിയ, വൈവിധ്യം, ഇറാനുമായുള്ള സംഘർഷം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായി ഉയർത്തിക്കാട്ടിയത്.
അറ്റ്ലാന്റയിൽ ഒരു പ്ലക്കാർഡിൽ “യുദ്ധമോ ഇന്ധനച്ചെലവോ ഞങ്ങൾക്ക് താങ്ങാനാവില്ല” എന്ന് എഴുതിയിരുന്നു. സാൻ ഫ്രാൻസിസ്കോ, ലോസ് എൻജേഴ്സ് എന്നിവിടങ്ങളിൽ വൻ മാർച്ചുകൾ റിപ്പോർട്ട് ചെയ്തു. ടെക്സാസ് സംസ്ഥാനത്തും പ്രതിഷേധങ്ങൾ അരങ്ങേറി.
