ഡീൽ ആരോപണങ്ങളെ ശക്തമായി നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ഡീൽ എന്ന പേരിൽ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സിപിഐഎം എല്ലാത്തരം വർഗീയ ശക്തികളെയും എതിർക്കുന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വർഗീയതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിക്ക് യാതൊരു ചാഞ്ചാട്ടവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഡിപിഐ വോട്ടുകളെ കുറിച്ചുള്ള ചോദ്യങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് അസന്തോഷം പ്രകടിപ്പിച്ചു. വാർത്താസമ്മേളനം എന്തും ചോദിക്കാനുള്ള വേദിയല്ലെന്നും, അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മങ്കടയിലെ സ്ഥാനാർത്ഥി എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞ വിഷയത്തിൽ ബന്ധപ്പെട്ട വ്യക്തികളോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ അജണ്ട അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാരിന്റെ കരുത്ത് ജനങ്ങളുടെ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസന നേട്ടങ്ങളെ തുടർച്ചയായി ശക്തിപ്പെടുത്തണോ, അതോ ഇടവേള വേണമോ എന്നത് നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാല പദ്ധതികൾ പൂർത്തിയാക്കാൻ ഭരണസ്ഥിരതയും തുടർച്ചയും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ഹരിയാനയിൽ ഉയർന്ന കോഴ ആരോപണങ്ങളെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെ മുഖ്യമന്ത്രി വിമർശിച്ചു. ആരോപണങ്ങൾ കോൺഗ്രസിന്റെ അപചയത്തെ സൂചിപ്പിക്കുന്നതാണെന്നും, മുതിർന്ന നേതാക്കൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് എന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് പണം നൽകി സ്വന്തമാക്കാവുന്നതാണോ എന്ന സംശയം ജനങ്ങളിൽ ഉയരുന്നുവെന്നും, വിഷയത്തിൽ കോൺഗ്രസ് പ്രതികരിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു.
കോഴ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ എന്തുകൊണ്ട് നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്നും, ആഭ്യന്തര അന്വേഷണം പോലും നടത്താത്തത് സംശയങ്ങൾ വർധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സ്ഥാനാർത്ഥിത്വം സാമ്പത്തിക അടിസ്ഥാനത്തിൽ നൽകുന്ന പ്രവണത സാധാരണ പ്രവർത്തകരുടെ പ്രതീക്ഷകളെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങളിൽ മിണ്ടാതിരിക്കുന്നതും രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
