ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണം: കോൺഗ്രസിന്റേത് ‘കല്ലിടൽ നാടകമെന്ന്’ മന്ത്രി കെ. രാജൻ

വയനാട്ടിൽ ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾ പ്ലാൻ അംഗീകാരമോ യാഥാർത്ഥ്യ നിർമ്മാണമോ ഇല്ലാത്ത ‘കല്ലിടൽ നാടകമാത്രം’ ആണെന്ന് റവന്യൂ മന്ത്രി കെ രാജൻ ആരോപിച്ചു.

മാർച്ച് 27-ന് കല്ലിടൽ ചടങ്ങ് നടത്തിയതൊഴിച്ചാൽ സ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ പ്ലാൻ അംഗീകാരം നേടാൻ മണിക്കൂറുകൾ മാത്രം മതിയാകുന്ന സാഹചര്യത്തിൽ ഈ വീഴ്ച ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂമി വാങ്ങി പത്ത് ദിവസത്തിനകം നിർമ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചവർ ഇപ്പോൾ പണമില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകാത്തതാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളിൽ നിന്ന് ധനശേഖരണം നടത്തിയിട്ടും നിർമ്മാണം ആരംഭിക്കാത്തതിന്റെ കാരണം കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാല് മാസം മുമ്പ് തന്നെ പണി തുടങ്ങിയെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം; ഇത് മന്ത്രി തള്ളി.

ഒറ്റ ഏജൻസിയിലൂടെ നിർമ്മാണം നടത്താനായിരുന്നു ആദ്യ തീരുമാനം. സർക്കാർ പണം നൽകി സ്വന്തമാക്കിയ ഭൂമിയിലാണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുസ്ലിം ലീഗ് സ്വന്തമായി ഭൂമി വാങ്ങി നിർമാണം ആരംഭിച്ചപ്പോൾ കോൺഗ്രസിന് തെറ്റിദ്ധാരണ ഉണ്ടായോയെന്ന് പരിഹസിച്ച മന്ത്രി, ഇത്തരം നടപടികൾക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക