വാഗമണ്ണിൽ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഈ പ്രസ്താവന ട്രോളുകളിലും രാഷ്ട്രീയ വാദപ്രതിവാദങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്.

ഇതിനിടെ, വാഗമണ്ണിൽ ‘വനവാസം’ എന്ന പേരിലുള്ള ഒരു സ്വകാര്യ റിസോർട്ട് ഉദ്ഘാടനം ചെയ്ത് സതീശൻ വീണ്ടും ശ്രദ്ധ നേടുകയാണ് . സ്ഥാപനത്തിന്റെ പേരിലെ ഈ യാദൃശ്ചികത രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.

മുൻ വനംമന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരിയുടെ മകൻ അശ്വിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. ‘വനവാസം’ വിവാദം ഉയരുന്നതിന് മുൻപേ തന്നെ റിസോർട്ടിന് ഈ പേര് നൽകിയതാണെന്നും, ഉദ്ഘാടനത്തിന് ക്ഷണിക്കുമ്പോൾ പേര് കേട്ട് തമാശയായി തോന്നിയെന്നും സതീശൻ പ്രതികരിച്ചു.

ഇതിനുമുമ്പ് പരുന്തുംപാറ സന്ദർശിച്ച വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “വനത്തിലാണ്, വനവാസത്തിലല്ല” എന്ന രസകരമായ കുറിപ്പോടെയായിരുന്നു കുടുംബാംഗങ്ങളോടൊപ്പം നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് പെരിയാർ കടുവ സങ്കേതത്തിലേക്ക് ട്രക്കിങ് പോകാനുമാണ് സതീശൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക