മുംബൈയിൽ കനത്ത മഴ; ഉരുള്‍പൊട്ടലിൽ അഞ്ച് വീടുകൾ തകർന്നു, തിരച്ചിൽ തുടരുന്നു

കനത്ത മഴയെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി ജനജീവിതം ദുസ്സഹമായി. ഇന്ന് പുലർച്ചെയുണ്ടായ വൻ ഉരുള്‍പൊട്ടലിൽ അഞ്ച് വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്.

കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്നാണ് വീടുകൾക്ക് ഗുരുതര നാശനഷ്ടം സംഭവിച്ചത്. ഉരുള്‍പൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ അകപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. നിലവിൽ രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

മുംബൈയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മാവൽ മേഖലയിലെ മൂന്ന് സ്ഥലങ്ങളിലായി ഉരുള്‍പൊട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. ഒരു വീടിന് മുകളിലേക്ക് മണ്ണും പാറകളും ഇടിഞ്ഞുവീണതായും, അപകടസമയത്ത് വീട്ടിനുള്ളിൽ മൂന്ന് പേർ ഉണ്ടായിരുന്നതായി സംശയിക്കുന്നതായും ലോണാവാല ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ- പൂനെ എക്സ്പ്രസ് വേ വഴി ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പാത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതുവരെ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക