ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇറാൻ കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്കായി ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു.
ഖത്തർ തീരത്തിന് സമീപം ഡ്രോൺ ആക്രമണത്തെ തുടർന്ന് ഒരു ചരക്കുകപ്പലിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുണ്ട്. കുവൈറ്റ് ലക്ഷ്യമിട്ട് നിരവധി തവണ ഡ്രോൺ ആക്രമണ ശ്രമങ്ങൾ നടന്നതായും അധികൃതർ അറിയിച്ചു.
അതേസമയം, ആക്രമണങ്ങളിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഖത്തർ, യുഎഇ, കുവൈറ്റ് പ്രതിരോധ മന്ത്രാലയങ്ങൾ വ്യക്തമാക്കി.
അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെ അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ അമേരിക്കയെ സഹായിക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിടുമെന്ന് ഇറാൻ അറിയിച്ചു. കൂടാതെ, ഹോർമൂസ് കടലിടുക്കിൽ തങ്ങളുടെ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി യുഎഇ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടന്നിരുന്നു. അതിന് പിന്നാലെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ആക്രമണ ഭീഷണി വ്യാപിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കുവൈറ്റ് അധികൃതർ ജനങ്ങളോട് ജാഗ്രത പാലിക്കാനും നിർദേശിച്ചു.
