എന്നെ വണ്ടിയിൽ കയറ്റിയാലും കുറ്റം, ഇറക്കിയാലും കുറ്റം എന്ന രീതിയിലായിരുന്നു പിണറായിക്കെതിരെ വിമർശനങ്ങൾ; വെള്ളാപ്പള്ളി

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോൽവിയിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്ത് വർഷം ഭരണത്തിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടത് ശക്തമായ മാധ്യമ വേട്ടയാടലാണെന്നും അതാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“ഇഷ്ടമല്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം” എന്ന നിലപാടാണ് മാധ്യമങ്ങൾ സ്വീകരിച്ചതെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. “എന്നെ വണ്ടിയിൽ കയറ്റിയാലും കുറ്റം, ഇറക്കിയാലും കുറ്റം എന്ന രീതിയിലായിരുന്നു വിമർശനങ്ങൾ. എങ്കിലും സർക്കാർ നിരവധി നല്ല കാര്യങ്ങൾ ചെയ്തു, അത് ജനങ്ങൾ അനുഭവിക്കുന്നുമുണ്ട്,” അദ്ദേഹം പറഞ്ഞു.

ഇത്തവണ പ്രതിപക്ഷ നേതാവാകാൻ സാധ്യത പിണറായി വിജയൻക്കാണെന്നും, യുഡിഎഫിന് നല്ല ഭരണം കാഴ്ചവയ്ക്കാൻ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി ആശംസിച്ചു. പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, ആരായാലും മുഖ്യമന്ത്രിയായാൽ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിപിഐഎം നേതാവ് എ എം ആരിഫ് മുസ്ലിം ലീഗിന്റെ സ്വരമാണ് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. “എ എം ആരിഫ് സിപിഐഎമ്മിൽ നിന്ന് ചാടാൻ നിൽക്കുകയാണ്. എല്ലാം ലഭിച്ചിട്ടും അദ്ദേഹം തൃപ്തനല്ല. ജയിക്കാനായി എന്റെ വീട്ടിൽ വന്നിട്ടാണ് ഇപ്പോൾ എന്നെ കുറ്റപ്പെടുത്തുന്നത്,” എന്നും അദ്ദേഹം ആരോപിച്ചു.

താൻ കാരണമാണ് സിപിഐഎം തോറ്റതെന്ന രീതിയിലുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ നടന്നിട്ടില്ലെന്നും, തന്നെയും തന്റെ സമുദായത്തെയും അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന പ്രചരണങ്ങളാണിതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക