അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ ജി. സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ചെറിയ പരാമർശങ്ങൾക്കുപോലും സുധാകരൻ ശക്തമായി പ്രതികരിക്കുകയും, അതിന് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുകയും ചെയ്യുന്ന സാഹചര്യം അദ്ദേഹത്തിന് അനാവശ്യ ശ്രദ്ധ നേടിക്കൊടുക്കുന്നതായി പാർട്ടി വിലയിരുത്തുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ വിമർശനങ്ങൾക്കും അതിന് സുധാകരൻ നൽകിയ മറുപടികൾക്കും വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ തുടർന്ന് ഉണ്ടായ പ്രതികരണവും വിവാദം ശക്തമാക്കിയിരുന്നു. ആ പരാമർശം പാവപ്പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്ന് സുധാകരൻ ആരോപിച്ചതോടെ വിഷയം കൂടുതൽ രാഷ്ട്രീയ ചൂടുപിടിച്ചു. പിന്നീട് യുഡിഎഫ് നേതാക്കൾ ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കുകയും ചെയ്തു.
ഇതിനു മുൻപ് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ അമ്പലപ്പുഴ മണ്ഡലം കൺവെൻഷനിൽ നടത്തിയ പരാമർശവും സുധാകരൻ വിമർശനത്തിനായി ഉപയോഗിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഇത്തരം പ്രതികരണങ്ങൾ ആവർത്തിച്ച് അദ്ദേഹത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കാതിരിക്കാൻ ഇനി പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുകയാണ്.
