ജി. സുധാകരന് പരാജയഭീതി; ജയിക്കാൻ വേണ്ടി ഏത് തരം പരാമർശവും നടത്താമെന്ന മോശം മാനസികാവസ്ഥയിൽ: മന്ത്രി സജി ചെറിയാൻ

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരായ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജി. സുധാകരനെതിരെ മന്ത്രി സജി ചെറിയാൻ രൂക്ഷ വിമർശനം ഉന്നയിച്ചു.

ജി. സുധാകരന് ഇപ്പോൾ പരാജയഭീതിയാണെന്നും ജയിക്കാൻ വേണ്ടിയുള്ള ശ്രമത്തിൽ എന്തുതരം പരാമർശവും നടത്താമെന്ന മോശം മാനസികാവസ്ഥയിലാണ് അദ്ദേഹം ഉള്ളതെന്നും സജി ചെറിയാൻ ആരോപിച്ചു. ഒരു സ്ത്രീയെ സമുദായത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, അമ്പലപ്പുഴയിലെ ജനങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവസാനം ജനങ്ങൾ ഇത്തരം അവസരവാദ സമീപനങ്ങൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.എസ്. സുജാത ദീർഘകാലമായി സംഘടനാ രംഗത്ത് സജീവമായ നേതാവാണെന്നും, നിലവിൽ ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുകയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ജി. സുധാകരൻ ഇപ്പോൾ രാഷ്ട്രീയ എതിരാളികൾക്ക് സഹായകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും, അദ്ദേഹത്തെ ഇനി ‘നേതാവ്’ എന്ന് വിളിക്കാനാവില്ലെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ ധാർമികതയാണ് ഒരു നേതാവിന്റെ പ്രധാന ഗുണമെന്നും, അത് സുധാകരൻ നഷ്ടപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. സ്വന്തം നിലപാടുകൾ കൊണ്ട് തന്റെ പ്രതിഛായ തന്നെ തകർത്ത സുധാകരൻ, അദ്ദേഹത്തെ വിശ്വസിച്ച ജനങ്ങളെ നിരാശരാക്കുകയാണെന്നും സജി ചെറിയാൻ വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക