15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയക്ക് വിലക്ക്; നിർണായക തീരുമാനവുമായി യുഎഇ

15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. യുഎഇ മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം ഈ പ്രായപരിധിക്കു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ ഇനി അനുമതിയുണ്ടാകില്ല. ഇതോടെ ഇത്തരമൊരു കർശന നിയന്ത്രണം നടപ്പാക്കുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി.

2024-ൽ നടത്തിയ സർവേ പ്രകാരം യുഎഇയിലെ കുട്ടികൾ ദിവസേന ശരാശരി മൂന്ന് മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. ദീർഘനേരത്തെ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനപ്രശ്നങ്ങൾ, ചില സാഹചര്യങ്ങളിൽ സംസാരവൈകല്യം തുടങ്ങിയ വെല്ലുവിളികൾ വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുതിയ ചട്ടപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പൂർണ സവിശേഷതകൾ ഉപയോഗിക്കാനോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ വഴി പ്രവേശിക്കാനോ സാധിക്കില്ല. മാതാപിതാക്കളുടെ സമ്മതം ഉണ്ടായാലും അത് ഇളവായി പരിഗണിക്കില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി.

പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരിക്കും നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പ്രാബല്യത്തിൽ വരിക.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആഗോള നീക്കങ്ങളുടെ ഭാഗമായാണ് യുഎഇയുടെ ഈ നടപടി. യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക