അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദാംശങ്ങൾ അറിയുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് മറുപടിയായി, പ്രത്യേക യോഗം വിളിച്ചിട്ടില്ലെന്നും യോഗാദിനവുമായി ബന്ധപ്പെട്ട ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, ഉദ്യോഗസ്ഥരുമായി ഇത്തരമൊരു കൂടിക്കാഴ്ച നടന്നതിലുള്ള അസംതൃപ്തി സർക്കാർ രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളും അവലോകനങ്ങളും സർക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ലോക്ഭവന് കത്തയച്ചു.
ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ചീഫ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഭരണഘടനാപരമായ ചുമതലകളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
