അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതം; നടക്കുന്നത് തെരഞ്ഞെടുപ്പ് നാടകം: കെ സി വേണുഗോപാൽ

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും നടക്കുന്നത് തെരഞ്ഞെടുപ്പ് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട് ഏത് കാലഘട്ടത്തെ അന്വേഷണമായാലും തനിക്ക് ഭയമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 22 വർഷം മുമ്പ് താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും, എന്നാൽ എസ്‌ഐടി മുഖ്യമന്ത്രിയുടെ കൈയിലല്ലേയെന്നും അദ്ദേഹം ചോദിച്ചു. കുറ്റം എങ്ങനെയെങ്കിലും മറ്റുള്ളവരുടെ മേൽ ചുമത്താമോ എന്നതാണ് മുഖ്യമന്ത്രിയുടെ പരീക്ഷണമെന്നും, അദ്ദേഹത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും വിമർശിച്ചു.

ആരാണ് പോറ്റിയെ ശബരിമലയിൽ കയറ്റിയതെന്ന് അന്വേഷിക്കട്ടെയെന്നും, മറ്റുള്ളവരെ ചെളിവാരി എറിയുന്നതിലൂടെ സ്വന്തം മേൽ ഉള്ള ചെളി മാറുമെന്ന് മുഖ്യമന്ത്രി കരുതുന്നതായും കെ സി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എസ്‌ഐടിക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ളവരെ ചോദ്യം ചെയ്യട്ടെയെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ശബരിമലയിലെ സ്വർണം മോഷ്ടിച്ചത് ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും, അതിലെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. സർക്കാർ ഏറ്റവും വലിയ കുഴിയിലേക്കാണ് വീഴാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക