ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് പുലർത്തുന്ന ബന്ധം കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി. സമസ്ത പോലും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ തള്ളിപ്പറയുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആ സംഘടനയെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇത്തരമൊരു വർഗീയ ശക്തിയുമായി ചേർന്ന് യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ ജനാധിപത്യ സ്വഭാവം തന്നെ തകരുമെന്ന് ബാലുശ്ശേരിയിൽ നടത്തിയ പ്രസംഗത്തിൽ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വർഗീയ വിഷം ചീറ്റുന്ന രാഷ്ട്രീയത്തെ ചെറുക്കാൻ ഇടതുപക്ഷത്തിനേ മാത്രമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുകാലത്ത് നിലനിന്നിരുന്ന കോൺഗ്രസ്–ലീഗ്–ബിജെപി (കോലീബി) സഖ്യത്തിലേക്ക് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിച്ചേർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സൃഷ്ടിക്കുന്ന വർഗീയ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, അല്ലാത്തപക്ഷം കേരളത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും മുന്നറിയിപ്പ് നൽകി. വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്ന വൻ ജനപങ്കാളിത്തം ഈ തിരിച്ചറിവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് മുമ്പ് ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചിരുന്നുവെന്ന പ്രചാരണം കോൺഗ്രസിന്റെയും ചില മാധ്യമങ്ങളുടെയും സൃഷ്ടിയാണെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. അത്തരമൊരു സഖ്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. എൽഡിഎഫ് ജാഥയിൽ ആളെക്കൂട്ടാൻ ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കുമതി ചെയ്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളെ അദ്ദേഹം ശക്തമായി വിമർശിച്ചു.
കേരളത്തിൽ ഒരു കാരണവശാലും എൻആർപി നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച അദ്ദേഹം, കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് വിപ്ലവാത്മകമായ വികസന മുന്നേറ്റമാണ് ഉണ്ടായതെന്നും അവകാശപ്പെട്ടു. വികസനത്തെക്കുറിച്ച് പറയാനില്ലാത്തതിനാലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അത് അജണ്ടയാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണയാണ് വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
