എല്ലാ മതത്തിലെയും ന്യൂനപക്ഷ വിഭാഗത്തിലെയും മതനിരപേക്ഷവാദികൾ വർഗീയതക്കെതിരെ ഒരുമിച്ച് നിൽക്കണം: മുഖ്യമന്ത്രി

പൗരത്വത്തിന്റെ പേരിൽ ഒരു വിഭാഗത്തെ ജയിലിലടക്കാനുള്ള നീക്കങ്ങൾ രാജ്യത്ത് നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ കേരളത്തിൽ പൗരത്വത്തിന്റെ പേരിൽ ഒരാളെയും തടങ്കലിലാക്കില്ലെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത അന്താരാഷ്ട്ര സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയതക്കും മതരാഷ്ട്രവാദത്തിനുമെതിരെ എല്ലാവരും ഒരുമിച്ച് മുന്നേറണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

സമസ്തയുടെ നിലപാടുകൾക്ക് വലിയ സാമൂഹിക പ്രസക്തിയുണ്ടെന്നും, ബഹുമത ഘടനക്കും ബഹുസ്വരതക്കും വർഗീയത വലിയ ഭീഷണിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെയും മതനിരപേക്ഷവാദികൾ വർഗീയതയ്ക്കെതിരെ ഐക്യത്തോടെ നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതനിരപേക്ഷ പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമേ വർഗീയതയെ ഫലപ്രദമായി ചെറുക്കാനാകൂ എന്നും, അല്ലാത്തപക്ഷം വർഗീയ കക്ഷികൾക്ക് അത് കൂടുതൽ ഊർജം നൽകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പൗരത്വത്തിന്റെ മാനദണ്ഡം മതമാക്കാനുള്ള നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ നിലപാടിലൂടെ സമസ്ത മതനിരപേക്ഷതയെ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം സമുദായത്തിലെ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഘട്ടമാണ് സമസ്തയുടെ നൂറു വർഷങ്ങളെന്നും, മതനിരപേക്ഷ ശക്തികൾക്ക് മാത്രമേ വർഗീയതയെ ചെറുക്കാൻ കഴിയൂ എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക