തുടർച്ചയായി ഭരണത്തിൽ തുടരുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്ന നിലപാട് ആവർത്തിച്ച് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. രണ്ടുതവണ ഭരണം നടത്തിയ ശേഷം പ്രതിപക്ഷത്തിരിക്കുകയാണ് ഉചിതമെന്നും, കോൺഗ്രസ് അധികാരത്തിലായാലും താൻ ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ജീവൻ ഉള്ളതാക്കുന്നത് ശക്തമായ പ്രതിപക്ഷമാണെന്നും, പ്രതിപക്ഷത്ത് ഇരിക്കുക രാഷ്ട്രീയ ശക്തി വർധിപ്പിക്കുന്ന വഴിയാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
തുടർച്ചയായ ഭരണത്തിൽ അഴിമതിയും അധികാര കേന്ദ്രീകരണവും വളരാൻ സാധ്യതയുണ്ടെന്നും, അവസരവാദികൾ പാർട്ടിയിലേക്കെത്തുന്നതിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ അനുഭവം ഓർക്കേണ്ടതുണ്ടെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ആ അവസ്ഥയിലേക്കെത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വീണ്ടും ഭരണം ലഭിച്ചാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, അധികാരമോഹികൾ പാർട്ടിയിൽ കടന്നുവരുന്നത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുമെന്നും സച്ചിദാനന്ദൻ മുന്നറിയിപ്പ് നൽകി.
വികസനത്തിലും സാക്ഷരതയിലും ഇടതു സർക്കാർ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, പാർട്ടിയെ വിമർശിക്കാൻ ജനങ്ങൾക്ക് ഭയം വർധിക്കുന്നുവെന്നും ഇത് ഒരു ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണഗുരുവിന്റെ ആദർശങ്ങൾ പാലിക്കാത്തവരെ ഗുരുവിനെക്കാൾ വലുതാക്കി കാണിക്കുന്ന പ്രവണത പാർട്ടിക്ക് ഗുണകരമല്ലെന്നും, വർഗീയമല്ലാത്ത ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടെന്നും അത് മറക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇതിനിടെ, സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾ ഉൾക്കൊള്ളുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ഭരണത്തുടർച്ചയിൽ അപാകതകൾ ഉണ്ടായാൽ അവ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
