സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിനെതിരേ ഉയർന്ന ആരോപണങ്ങളിൽ നിന്ന് കോൺഫിഡന്റ് ഗ്രൂപ്പ് പിന്മാറി. ആദായ നികുതി വകുപ്പിന്റെ പരിശോധന സാധാരണ നടപടിക്രമത്തിന്റെ ഭാഗമാത്രമാണെന്നും, ഇതിൽ അസാധാരണതയൊന്നുമില്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ് വ്യക്തമാക്കി. കുടുംബത്തെ തകർക്കുന്ന തരത്തിലുള്ള മ്ലേച്ഛമായ പ്രചാരണമാണ് ചില ഓൺലൈൻ ചാനലുകൾ നടത്തുന്നതെന്നും, ഇടപാടുകാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ജെ. റോയിയുടെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും, ജീവിതം ആഘോഷിക്കണമെന്നതായിരുന്നു റോയിയുടെ ജീവിതദർശനമെന്നും ടി.എ. ജോസഫ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാൽ എല്ലാ കാര്യങ്ങളും വിശദീകരിക്കാൻ കഴിയില്ലെന്നും, അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ സമൻസ് വരുമെന്ന് ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ആദായ നികുതി വകുപ്പിന്റെ പരിശോധന മുൻപും ഉണ്ടായിട്ടുണ്ടെന്നും, എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലല്ല പരിശോധന നടന്നതെന്നും ടി.എ. ജോസഫ് വ്യക്തമാക്കി. ജിഎസ്ടി പരിശോധനയും നടന്നിട്ടുണ്ടെന്നും, എന്നാൽ ചെയർമാനെ കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ അപകീർത്തികരമായ പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മരണപ്പെട്ട റോയിയെ പോലും വേട്ടയാടുന്ന രീതിയിലാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും, ഇത് അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയെ കള്ളക്കടത്തും ബിനാമി ഇടപാടുകളും നടത്തുന്ന സ്ഥാപനമായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതായും, ഒരു തരത്തിലുള്ള അനധികൃത വ്യാപാരവും നടത്തിയിട്ടില്ലെന്നും ടി.എ. ജോസഫ് വ്യക്തമാക്കി. കോവിഡ് കാലത്ത് പോലും കമ്പനി 16 കോടി രൂപയുടെ സെയിൽസ് നടത്തിയതായും, കമ്പനിക്ക് ലോൺ ബാധ്യതകളില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചരിപ്പിക്കുന്ന നുണക്കഥകൾ പ്രബുദ്ധരായ മലയാളികൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലും കേരളത്തിലും കമ്പനികൾ വ്യത്യസ്ത ഘടനയോടെയാണ് പ്രവർത്തിക്കുന്നതെന്നും, നിലവിൽ 6,500 നിക്ഷേപകർ കോൺഫിഡന്റ് ഗ്രൂപ്പിനുണ്ടെന്നും ടി.എ. ജോസഫ് പറഞ്ഞു. ഇതുവരെ ഒരാളെയും കബളിപ്പിച്ചിട്ടില്ലെന്നും, ലഭിക്കാനുള്ള തുകകൾ മാത്രമേ ഉള്ളൂവെന്നും, നൽകാനുള്ള ബാധ്യതകളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാ പ്രവർത്തനങ്ങളും സുതാര്യമാണെന്നും, മോഹൻലാൽ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടില്ലെന്നും, ആന്റണി പെരുമ്പാവൂർ കുടുംബ സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനിയിലെ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള തടസ്സവും ഉണ്ടായിട്ടില്ലെന്നും, ഇടപാടുകാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, അവരുടെ പണം സുരക്ഷിതമാണെന്നും ടി.എ. ജോസഫ് ഉറപ്പ് നൽകി. ഏത് പ്രതിസന്ധിയെയും അതിജീവിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
