ദേശീയ പണിമുടക്കിന് രാഹുൽ ഗാന്ധിയുടെ ഐക്യദാർഢ്യം; കേരളത്തിൽ വി.ഡി. സതീശന്റെ ജാഥ തുടരുന്നതിൽ വിവാദം

രാജ്യത്ത് നടക്കുന്നതിന്റ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. തൊഴിലാളികളും കർഷകരും അവരുടെ അവകാശങ്ങൾക്കായി രാജ്യത്തുടനീളം തെരുവിലിറങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. തൊഴിലാളികളുടെ ഭാവിയെ ബാധിക്കുന്ന നാല് ലേബർ കോഡുകൾ അവരുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണെന്നും, കർഷകർ വ്യാപാര കരാറുകൾ ജീവിതോപാധിയെ ബാധിക്കുമെന്ന് ഭയപ്പെടുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

എം.എൻ.ആർ.ഇ.ജി.എയെ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ഗ്രാമങ്ങളുടെ അവസാന ആശ്രയവും നഷ്ടപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെയും കർഷകരുടെയും ഭാവിയെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അവരുടെ ശബ്ദം അവഗണിക്കപ്പെട്ടുവെന്നും, അവരുടെ പോരാട്ടങ്ങളോടൊപ്പം ഉറച്ചുനിൽക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇതിനിടെ കോൺഗ്രസ് ദേശീയ നേതൃത്വം പണിമുടക്കിന് പിന്തുണ അറിയിക്കുമ്പോൾ കേരളത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ ‘പുതുയുഗ യാത്ര’ തുടരുന്നതാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കുന്നത്. പണിമുടക്ക് ദിനമായ ഇന്നും കോഴിക്കോട് ജില്ലയിലെ നിശ്ചിത പരിപാടികളിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

INTUC-യുടെ പ്രാദേശിക നേതാക്കൾ യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അംഗീകരിച്ചില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് ഒന്നടങ്കം ഇറങ്ങിയ സാഹചര്യത്തിൽ യു.ഡി.എഫ് ജാഥ തുടരുന്നത് തൊഴിലാളി താൽപ്പര്യങ്ങളെ അവഗണിക്കുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കാണ് മുൻഗണന നൽകിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ഇതിനിടെ സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, ദേശീയതലത്തിൽ സംയുക്തമായി തീരുമാനിച്ച സമരമാണിതെന്നും വി.ഡി. സതീശനും യു.ഡി.എഫ് നേതാക്കളും ജാഥ മാറ്റിവെക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് ഐ.എൻ.ടി.യു.സി.യെ സമരത്തിൽ നിന്ന് വിലക്കിയതായും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക