ജമാ അതെ ഇസ്ലാമിയുടെ യുടെ മുഖപത്രമായ മാധ്യമം ദിനപത്രത്തിൽ ശമ്പളം നിഷേധിക്കുന്നതും തൊഴിലാളി വിരുദ്ധ നടപടികളും തുടരുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സമരത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് . മാധ്യമത്തിലെ തൊഴിലാളികൾക്ക് അഞ്ച് മാസമായി ശമ്പളം നൽകാതെ മാനേജ്മെന്റ് പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കെ.പി. റെജിയുടെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാടുകുന്നിലെ മാധ്യമം ഓഫീസിന് മുന്നിലായിരുന്നു ഉപവാസ സമരം. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം വിതരണം ചെയ്യാൻ തൊഴിൽ വകുപ്പിന്റെ മധ്യസ്ഥതയിൽ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലം കാണാതിരുന്നതോടെയാണ് ജീവനക്കാർ സമരത്തിലേക്ക് കടന്നത്.
സമരത്തിൽ പങ്കെടുത്ത ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി. വസീഫ് ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ‘എടുക്കുന്ന ജോലിക്ക് വിയർപ്പാറും മുമ്പേ പ്രതിഫലം നൽകണമെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ പേരിലുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സിപിഎമ്മിനെപ്പോലും വിപ്ലവം പഠിപ്പിക്കാൻ മുന്നിൽ നിൽക്കുന്ന മാധ്യമം, സ്വന്തം തൊഴിലാളികൾക്ക് അഞ്ച് മാസമായി ശമ്പളം നൽകാതെ പീഡിപ്പിക്കുകയാണ്,’ എന്ന് അദ്ദേഹം കുറിച്ചു.
വിശുദ്ധ റംസാൻ അടുത്തിരിക്കെ പോലും പ്രശ്നത്തിൽ പരിഹാരം കണ്ടിട്ടില്ലെന്നും, സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഡിവൈഎഫ്ഐയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
