യൂത്ത് കോൺഗ്രസ് അതിക്രമം വി.ഡി. സതീശന്റെ നിർദ്ദേശ പ്രകാരം: മന്ത്രി വീണാ ജോർജ്

യൂത്ത് കോൺഗ്രസ് തന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരിട്ട് നിർദ്ദേശം നൽകിയതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുന്ന ദയനീയ പരാജയഭീതിയാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയിൽ സർക്കാർ ചെയ്യേണ്ട എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും ഒരു തരത്തിലുള്ള ചികിത്സാ പിഴവുകളും സർക്കാർ അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു മന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നുണ്ടെന്നും സർജറി നടത്തുന്നത് ആരോഗ്യമന്ത്രിയല്ലെന്നും അവർ ഓർമ്മിപ്പിച്ചു. സർക്കാർ ആശുപത്രികളെ മുഴുവൻ മോശമാണെന്ന് ചിത്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.

സ്വകാര്യ ആശുപത്രി മേഖലയിലെ കുത്തക നിക്ഷേപകരെ സഹായിക്കാനാണ് വി.ഡി. സതീശനും സംഘവും ഇത്തരം പുകമറ സൃഷ്ടിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക