അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക് വ്യോമാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇസ്ലാമാബാദിലെ ഒരു ഷിയ പള്ളിയില്‍ അടുത്തിടെ നടന്ന ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സായുധ സംഘങ്ങളുടെ ക്യാംപുകളും ഒളിത്താവളങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആക്രമണത്തെ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. പക്തികയിലെയും നന്‍ഗഹറിലെയും അതിര്‍ത്തി പ്രദേശങ്ങളിലെ മതപഠന കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കുമെതിരെയായിരുന്നു വ്യോമാക്രമണമെന്ന് അഫ്ഗാന്‍ അധികൃതര്‍ ആരോപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

അൽ ജസീറയുടെ റിപ്പോര്‍ട്ടുപ്രകാരം നന്‍ഗഹാറിലെ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. കൂടാതെ, ഒരു കുടുംബത്തിലെ 23 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. ഫിത്‌ന അല്‍ ഖവാരിജ്, ദായിഷ് ഖൊറാസാന്‍ എന്നീ സായുധ സംഘടനകളുടെ ഏഴ് ഒളിത്താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നാണ് പാകിസ്ഥാന്‍റെ വിശദീകരണം.

മറുപടി രേഖപ്പെടുത്തുക