ആർട്ടിക് മേഖലയിലെ ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിലേക്ക് ആശുപത്രി കപ്പൽ അയയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു അറിയിപ്പ്. ഗ്രീൻലാൻഡിലേക്കുള്ള തന്റെ പ്രത്യേക പ്രതിനിധിയായ ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഗ്രീൻലാൻഡിലെ ആളുകൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും, രോഗികളെ പരിചരിക്കാൻ മികച്ച ആശുപത്രി കപ്പൽ ഉടൻ എത്തുമെന്നും അദ്ദേഹം കുറിച്ചു.
എന്നാൽ ഈ നീക്കം ഡെൻമാർക്കോ ഗ്രീൻലാൻഡോ ആവശ്യപ്പെട്ടതാണോ, ആരെ ലക്ഷ്യമിട്ടാണ് ചികിത്സ നൽകുന്നതെന്നോ സംബന്ധിച്ച് വ്യക്തത നൽകിയിട്ടില്ല. യുഎസ് നോർത്തേൺ കമാൻഡോ നാവികസേയോ ഔദ്യോഗിക പ്രതികരണം മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല.
ഗ്രീൻലാൻഡിൽ പൊതുധന സഹായത്തോടെ പ്രവർത്തിക്കുന്ന സർവത്രിക ആരോഗ്യസംരക്ഷണ സംവിധാനം നിലവിലുണ്ടെങ്കിലും, ജീവനക്കാരുടെ കുറവും ഗതാഗത-ലോജിസ്റ്റിക് പരിമിതികളും നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യരംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2029 വരെ 1.6 ബില്യൺ ഡാനിഷ് ക്രോണർ വകയിരുത്തുമെന്ന് ഡെൻമാർക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, തലസ്ഥാനമായ നുക്കിന് സമീപം യുദ്ധേതര ചികിത്സ ആവശ്യമുണ്ടായിരുന്ന ഒരു യുഎസ് നാവികനെ ഡെൻമാർക്കിന്റെ ജോയിന്റ് ആർട്ടിക് കമാൻഡ് ഒഴിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്. ഈ സംഭവവുമായി പ്രഖ്യാപനത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
കഴിഞ്ഞ വർഷം ഗ്രീൻലാൻഡ് യുഎസിന് ദേശീയ സുരക്ഷാപരമായി നിർണായകമാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ദ്വീപിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതും, ഡെൻമാർക്കിന്റെ പ്രതിരോധ സംവിധാനങ്ങളെ പരിഹസിച്ചതും നാറ്റോ സഖ്യരാജ്യങ്ങളിൽ ആശങ്ക ഉയർത്തിയിരുന്നു. ഗ്രീൻലാൻഡും ഡെൻമാർക്കും ട്രംപിന്റെ ആവശ്യങ്ങൾ ഇതിനകം നിരസിച്ചിട്ടുണ്ട്.
