സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജു പ്ലേയിംഗ് ഇലവനില്‍ തിരികെയെത്താൻ സാധ്യത

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മാറ്റങ്ങൾ പരിഗണിച്ച് ടീം മാനേജ്‌മെന്റ്. 26ന് എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഗൗരവമായ ആലോചനയിലാണ് സംഘം.

തുടർച്ചയായി പരാജയപ്പെടുന്ന ഓപ്പണർ അഭിഷേക് ശർമയ്ക്ക് പകരമായേക്കാമെന്നാണ് അസിസ്റ്റന്റ് കോച്ച് ഡോഷെറ്റ് സൂചന നൽകിയത്. സൂപ്പർ 8 മത്സരത്തിൽ 188 റൺസ് പിന്തുടർന്ന ഇന്ത്യ 111 റൺസിൽ ഒതുങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും ഓപ്പണിംഗ് പ്രതിസന്ധി ടീമിനെ തുടർച്ചയായി ബാധിച്ചുവരുന്നതാണ് മാനേജ്‌മെന്റിനെ മാറ്റം ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

ലോകകപ്പിലെ അഞ്ച് മത്സരങ്ങളിൽ നാലിലും എതിരാളികൾ പാർട്ട് ടൈം ഓഫ് സ്പിൻ കൊണ്ടാണ് ബൗളിംഗ് ആരംഭിച്ചതെന്ന് മത്സരശേഷം ഡോഷെറ്റ് പറഞ്ഞു. യുഎസ്എക്കെതിരായ മത്സരത്തിൽ റൺസ് നേടും മുൻപ് തന്നെ അഭിഷേക് പുറത്തായതും, മറ്റ് മത്സരങ്ങളിലുമുള്ള തുടക്കത്തിലെ വിക്കറ്റ് നഷ്ടങ്ങളും ടീമിനെ സമ്മർദ്ദത്തിലാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. പല ഇന്നിംഗ്‌സുകളിലും പൂജ്യം അല്ലെങ്കിൽ കുറഞ്ഞ സ്കോറിൽ ഒരു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് ഇന്ത്യ തുടക്കം കുറിച്ചതെന്നും അത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടീമിൽ പരിചയസമ്പത്ത് കുറഞ്ഞ താരങ്ങൾ ഉള്ളതിനാൽ സ്ഥിരതയുള്ള ഒരു കോമ്പിനേഷൻ ആവശ്യമാണ് എന്നും കോച്ച് വ്യക്തമാക്കി. നിലവിലെ താരങ്ങൾ മുമ്പ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളവരായതിനാൽ മാറ്റം വേണോ പഴയ താരങ്ങളിൽ ഉറച്ചുനിൽക്കണോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

സഞ്ജു മികച്ച താരമാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് ഗുണകരമാകുമെന്നും ഡോഷെറ്റ് പറഞ്ഞു. സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് വരും ദിവസങ്ങളിൽ വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിൽ നാല് മത്സരങ്ങളിൽ മൂന്ന് തവണ അഭിഷേക് പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 12 പന്തിൽ 15 റൺസാണ് നേടിയത്. മൂന്നാം നമ്പറിൽ ഇറങ്ങുന്ന തിലക് വര്മയ്ക്കും ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.

നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു 8 പന്തിൽ 22 റൺസുമായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ 2025ന് ശേഷമുള്ള അദ്ദേഹത്തിന്റെ ഓപ്പണിംഗ് കണക്കുകൾ മികച്ചതല്ല എന്നത് മാനേജ്‌മെന്റിനെ ആശങ്കപ്പെടുത്തുന്നു. 12 ഇന്നിംഗ്‌സുകളിൽ നിന്ന് 13 ശരാശരിയിൽ 156 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

മറുപടി രേഖപ്പെടുത്തുക