മന്ത്രി വീണാ ജോർജിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബേറ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു നേതാവ് ബിതുൽ ബാലന്റെ വീട്ടിൽ സ്‌ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തി. കോഴിക്കോട് തിരുവള്ളൂരിലെ അദ്ദേഹത്തിന്റെ വീടിനുനേരെ വെള്ളിയാഴ്ച പുലർച്ചെ 2.37ഓടെയാണ് സംഭവം. കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിതുൽ ഇപ്പോൾ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്. ആക്രമികൾ സ്‌ഫോടകവസ്തു എറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി പൊലീസ് അറിയിച്ചു.

പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജിനെ പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെ റോഡ് മാർഗം സ്വകാര്യ വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.

കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. ആരോഗ്യനില പരിഗണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മൊഴിയെടുക്കൽ നടന്നിരുന്നില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനോട് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക