സംസ്ഥാനത്ത് മലയാളത്തെ സമ്പൂർണ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും ഭാഷാപഠനം സാർവ്വത്രികമാക്കുകയും ചെയ്യുന്നതിനായി തയ്യാറാക്കിയ ‘മലയാള ഭാഷാ ബിൽ – 2025’ക്ക് ഗവർണ്ണർ അംഗീകാരം നൽകി. 1969ലെ ഔദ്യോഗിക ഭാഷാ ആക്ടിന് പകരമായി കൊണ്ടുവരുന്ന ഈ സമഗ്ര നിയമം ഭരണ-വിദ്യാഭ്യാസ മേഖലകളിൽ ഇംഗ്ലീഷിനുപകരം മലയാളത്തിന് പൂർണ്ണ മുൻഗണന ഉറപ്പാക്കുന്നതാണ് ലക്ഷ്യമിടുന്നത്. വിപുലമായ ചർച്ചകളും നിർദേശങ്ങളും പരിഗണിച്ചാണ് ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധവിഷയമാക്കുക, സർവ്വകലാശാലകളിലെ പാഠ്യപദ്ധതിയിൽ മലയാളത്തെ ഒരു നിർബന്ധ പേപ്പറായി ഉൾപ്പെടുത്തുക എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. കൂടാതെ കോടതി നടപടികൾ, സർക്കാർ ഉത്തരവുകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മലയാളത്തിലാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
മലയാളം പഠനഭാഷയായി തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രത്യേക സംവരണം നൽകുന്നതിനുള്ള നിർദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മലയാളം നിർബന്ധമാക്കുന്നതും ഈ ബില്ലിലെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ്.
