ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലുമായി നടത്തിയ തെളിവെടുപ്പില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡിജിപി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
തെളിവെടുപ്പിനിടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുകയും, നിര്‍ദേശം ലഭിച്ചിട്ടും ഡിവൈഎസ്പി സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവല്ലയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചുകൊണ്ട് രാഹുലുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് വീഴ്ച ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പി ആര്‍. ആനന്ദ് റേഞ്ച് ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലംമാറ്റത്തിന്റെ ഭാഗമായി നന്ദകുമാറിനെ എറണാകുളം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നെങ്കിലും അദ്ദേഹം ഇതുവരെ പുതിയ ചുമതല ഏറ്റെടുത്തിട്ടില്ല.
ഇതിനുമുമ്പും നന്ദകുമാറിനെതിരെ വിവിധ ആരോപണങ്ങളെ തുടര്‍ന്ന് വകുപ്പുതല അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. പത്തനംതിട്ട ഡിവൈഎസ്പിയായിരിക്കുമ്പോള്‍ ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നു. കൂടാതെ തിരുവല്ലയില്‍ മുന്‍ പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പരിക്കേറ്റയാളെ പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിലും അദ്ദേഹത്തിനെതിരെ നടപടി നേരിടുന്നുണ്ട്.
