കൊടും ചൂടിൽ പാമ്പുകടിയേറ്റ് മരണങ്ങൾ വർധിക്കുന്നു; ഇന്ന് മാത്രം 15 പേർക്ക് പാമ്പുകടിയേറ്റു

കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ പാമ്പുകടിയേറ്റ് മരണങ്ങൾ ഉയരുന്ന ആശങ്കാജനക സാഹചര്യമാണ്. ഇന്ന് മാത്രം രണ്ട് പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. കണ്ണൂരിലും ഇടുക്കിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇടുക്കി കാഞ്ഞാറിൽ 75-കാരിയായ വിശാലാക്ഷിയാണ് മരിച്ചത്. കണ്ണൂർ മുതുകടയിൽ നഫീസ വെള്ളിയാഴ്ച പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

108 ആംബുലൻസ് സർവീസിന്റെ കണക്കുകൾ പ്രകാരം, ഇന്ന് മാത്രം 15 പേർക്ക് പാമ്പുകടി സംഭവിച്ചിട്ടുണ്ട്. കൊല്ലത്ത് രാമൻകുളങ്ങര സ്വദേശിയായ സുദേവനെ ചുരുട്ട വിഭാഗത്തിൽപ്പെട്ട പാമ്പ് കടിച്ചു. കൊച്ചി ചെറായിയിൽ വിനോദസഞ്ചാരിയായ കോയമ്പത്തൂർ സ്വദേശിനി ശർമിളക്കും പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സ നൽകുന്നു.

“പുറത്ത് ചൂട്, അകത്ത് പാമ്പ്” എന്ന സാഹചര്യത്തിൽ വീടുകളിൽ പാമ്പുകൾ കടക്കാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനോഷ് അപകടനില തരണം ചെയ്തതായും വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക