കെഎസ്ഇബിക്ക് അധിക വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കെഎസ്ഇബിക്ക് താത്കാലിക ആശ്വാസമായി റെഗുലേറ്ററി കമ്മീഷൻ അധിക വൈദ്യുതി വാങ്ങാൻ അനുമതി നൽകി. യൂണിറ്റിന് പരമാവധി പത്ത് രൂപ നിരക്കിൽ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി.

വേനൽക്കാലത്ത് ഉയർന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനായി കെഎസ്ഇബി സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കമ്മീഷന്റെ തീരുമാനം. വാങ്ങുന്ന വൈദ്യുതിയുടെ ലഭ്യതയും നിരക്കുകളും ഓരോ ആഴ്ചയും കമ്മീഷനെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

മെയ്‌ 15 വരെയാണ് ഈ അനുമതിയുടെ കാലാവധി. കടുത്ത ചൂട് കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ 18-ാം തീയതി പ്രതിദിന ഉപഭോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡിലെത്തി.

ഈ സാഹചര്യത്തിലാണ് പുറം സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനോട് അപേക്ഷ സമർപ്പിച്ചത്. ഏപ്രിൽ 24-ന് നടന്ന ഹിയറിംഗിൽ അപേക്ഷ അപൂർണ്ണമാണെന്ന് കണ്ടെത്തിയതിനാൽ പുതുക്കി സമർപ്പിക്കാൻ നിർദേശം നൽകിയിരുന്നു.

മറുപടി രേഖപ്പെടുത്തുക