മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം തൃശൂർ പൂരം ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. തെക്കേ ഗോപുരനട തുറക്കുന്ന വേളയിൽ ആർത്തവിളികൾ ഉയരേണ്ടിടത്ത്, മുണ്ടത്തിക്കോട് പാടത്ത് മനുഷ്യർ മാംസകഷണങ്ങളായി ചിതറിക്കിടക്കുമ്പോൾ ആഘോഷിക്കാൻ മനസാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുണ്ടത്തിക്കോട്ടെ ദുരന്താനുഭവങ്ങൾ പങ്കുവെക്കുന്ന ഏറെ വൈകാരികമായ കുറിപ്പിലാണ് ഗോപാലകൃഷ്ണൻ ഈ നിലപാട് വ്യക്തമാക്കിയത്. ശാസ്ത്രീയമല്ലാത്ത തിരച്ചിൽ നടപടികൾ അവസാനിപ്പിച്ച് പൊലീസ് മടങ്ങുമ്പോൾ പോലും, കണ്ടെത്താനാകാതെ പോയവരുടെ ശരീരാവശിഷ്ടങ്ങൾ എങ്കിലും ലഭിക്കണമെന്നായിരുന്നു തൻറെ ആഗ്രഹമെന്ന് അദ്ദേഹം എഴുതുന്നു.
രാത്രി ഇരുട്ടിയിട്ടും അവിടെ നിന്ന് മടങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു താൻ. ചിതറിക്കിടക്കുന്ന മാംസപിണ്ഡങ്ങളിൽ നിന്നുയരുന്ന നിലവിളികൾ ഇപ്പോഴും ചെവികളിൽ മുഴങ്ങുമ്പോൾ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദൂരങ്ങളിലായി ചിതറിക്കിടക്കുന്ന മനുഷ്യശരീരങ്ങളോടൊപ്പമാണ് ഈ ദിവസമെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.
