എസ്ഡിപിഐയുടെ പിന്തുണയെന്ന പ്രചരണം പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി . എസ്ഡിപിഐയോട് പിന്തുണ തേടിയിട്ടില്ലെന്നും, ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ് മികച്ച വഴിയാണെന്ന് വിശ്വസിക്കുന്നവർ സ്വതന്ത്രമായി അങ്ങനെ കരുതുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അത് യാതൊരു ധാരണയുടെയും ഭാഗമല്ലെന്നും, വർഗ്ഗീയ ശക്തികളുമായി ഇടതുമുന്നണിക്ക് യാതൊരു സന്ധിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫ് കൈകൊള്ളുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നേമം മണ്ഡലത്തിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2021ലെ തിരഞ്ഞെടുപ്പിൽ “തുറന്ന അക്കൗണ്ട് പൂട്ടിക്കും” എന്ന പ്രഖ്യാപനത്തോടെ മത്സരിച്ചതായും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. ട്രാൻഷിപ്മെന്റ് രംഗത്ത് വലിയ സാധ്യതകളാണ് ഈ പദ്ധതിയിലൂടെ തുറക്കപ്പെടുന്നതെന്നും, സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് ഇത് ശക്തമായ അടിത്തറയാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊല്ലത്തെ വിവാദത്തെയും മുഖ്യമന്ത്രി പ്രതികരിച്ചു. സാധാരണയായി 30 മുതൽ 40 മിനിറ്റ് വരെ മാധ്യമങ്ങളോട് സംസാരിക്കാറുണ്ടെന്നും, തെരഞ്ഞെടുപ്പ് തിരക്ക് പരിഗണിച്ചാണ് സമയം ക്രമീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ചോദിക്കുന്നത് എന്നതിനെ ആശ്രയിച്ചല്ല മറുപടി നൽകുന്നതെന്നും, ചോദ്യങ്ങൾ ചോദിക്കേണ്ടത് മാധ്യമപ്രവർത്തകരുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമയം നീണ്ടതിനെ തുടർന്ന് എഴുന്നേറ്റപ്പോൾ ചിലർ ബഹളം സൃഷ്ടിച്ചതായും, പിന്നീട് കാര്യങ്ങൾ വ്യക്തമാക്കുന്നത് ഉചിതമെന്നു കരുതി തിരിച്ച് എത്തി വിശദീകരണം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
