വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയാണെങ്കിൽ കേരളത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ‘പുതുയുഗയാത്ര’യുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകുന്ന നിരവധി വമ്പൻ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്.
‘ഇന്ദിര ഗ്യാരണ്ടി’ എന്ന പേരിൽ അഞ്ച് പ്രധാന പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അർഹരായവർക്ക് ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം 25 ലക്ഷം രൂപയുടെ ഹെൽത്ത് കവറേജ് പദ്ധതി നടപ്പാക്കും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. കോളജ് തലത്തിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ പഠനസഹായം നൽകും. തൊഴിൽരഹിതരായ യുവാക്കൾക്ക് ബിസിനസ് ആരംഭിക്കാൻ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വയോജനങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനുമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ അദാനിക്കും അംബാനിക്കും കൈമാറുന്ന മോദിയുടെ കോർപ്പറേറ്റ് നയങ്ങളിൽ നിന്ന് വ്യത്യസ്തമായി, യുഡിഎഫ് ഈ ആനുകൂല്യങ്ങൾ സാധാരണ ജനങ്ങൾക്ക് നൽകുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തെ മുന്നോട്ട് നയിക്കുന്നതിൽ കേരളത്തിന്റെ അഭിപ്രായം കേട്ടുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച യാത്ര മുന്നോട്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം മനോഹരമാത്രമല്ല, അത്യന്തം ബഹുസ്വരതയുള്ള സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. കായികരംഗത്ത് രാജ്യത്തിന്റെ അഭിമാനമായ സഞ്ജുവിനെ പ്രത്യേകമായി അഭിനന്ദിച്ച അദ്ദേഹം, സഞ്ജു ‘ഹീറോ ഓഫ് ഇന്ത്യ’ ആണെന്നും വിശേഷിപ്പിച്ചു.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനം ചോദ്യം ചെയ്ത അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചുവെന്നും ആരോപിച്ചു. അമേരിക്കയുമായി ഒപ്പുവെച്ച കരാറിലൂടെ ഇന്ത്യൻ കാർഷിക മേഖലയെ വിദേശ ശക്തികൾക്ക് അടിയറവു വെച്ചുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക നിർദേശിക്കുന്ന രാജ്യങ്ങളിൽ നിന്നുമാത്രം എണ്ണ വാങ്ങാമെന്ന നിലപാട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ പോലും അമേരിക്കയുടെ അനുമതി വേണമെന്ന സാഹചര്യം സങ്കൽപ്പിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം വിമർശിച്ചു.
