നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരും: വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച യു.ഡി.എഫ് സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’ തലസ്ഥാനമായ തിരുവനന്തപുരത്തു ആവേശകരമായി സമാപിച്ചു. ഫെബ്രുവരി 6-ന് കാസർകോട് നിന്ന് ആരംഭിച്ച 25 ദിവസത്തെ പദയാത്ര, ഇന്ന് പുത്തരിക്കണ്ടം മൈതാനിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുടെ സാന്നിധ്യത്തിൽ സമാപിച്ചു. നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് സമാപന വേളയിൽ വി.ഡി. സതീശൻ പങ്കുവെച്ചത്.

ജനങ്ങളുടെ വൻ പങ്കാളിത്തം കൊണ്ട് ‘പുതുയുഗ യാത്ര’ ഒരു വലിയ ജനകീയ മുന്നേറ്റമായി മാറിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് അവതരിപ്പിക്കുന്ന പുതിയ കേരള വികസന മോഡലിനുള്ള അംഗീകാരമാണ് ഇതിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിസന്ധികളിൽ തകർന്ന കേരളത്തെ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ യു.ഡി.എഫിന് മാത്രമേ കഴിയൂവെന്നും, നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിലെത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. യാത്രയിലുടനീളം ലഭിച്ച ജനപിന്തുണക്കും സ്നേഹത്തിനും അദ്ദേഹം വികാരാധീനനായി നന്ദി അറിയിച്ചു.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധി യുവാക്കൾക്കും സ്ത്രീകൾക്കുമായി പുതിയ വാഗ്ദാനങ്ങളും ഗ്യാരന്റികളും പ്രഖ്യാപിച്ചു. 121 പൊതുസമ്മേളനങ്ങളും വിവിധ മേഖലകളിലുള്ള ആളുകളുമായി നടത്തിയ സംവാദങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ച യാത്രയാണ് തിരുവനന്തപുരത്ത് സമാപിച്ചത്. ചടങ്ങിൽ കെസി വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക