പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംസി ഗോവിന്ദനും എതിരായി പാർട്ടി നേതൃയോഗങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നടന്ന അവലോകന യോഗങ്ങളിലാണ് അസംതൃപ്തി ശക്തമായത്.
കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ യോഗത്തിൽ, മുഖ്യമന്ത്രിയുടെ സമീപനവും നേതൃശൈലിയുമെക്കുറിച്ച് ചില അംഗങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചതായാണ് വിവരം. “പിണറായി വിജയൻ സ്തുതിപാഠകരുടെ വലയത്തിലാണ്” എന്നതടക്കമുള്ള അഭിപ്രായങ്ങളും യോഗത്തിൽ ഉയർന്നുവെന്നാണ് റിപ്പോർട്ട്.
പാർട്ടിയിൽ വ്യക്തിപൂജയും അതിനോടനുബന്ധിച്ച പ്രവർത്തനശൈലിയും വർധിച്ചതായി ചില പ്രതിനിധികൾ ആരോപിച്ചു. കൊല്ലത്ത് എത്തുമ്പോൾ മുഖ്യമന്ത്രിക്ക് ചില നേതാക്കളോടുള്ള പ്രത്യേക സമീപനമുണ്ടെന്ന തരത്തിലുള്ള വിമർശനങ്ങളും യോഗത്തിൽ ഉയർന്നതായി പറയുന്നു.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തെയും ചില അംഗങ്ങൾ ചോദ്യം ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാലത്തെ പാർട്ടി പ്രവർത്തന രീതിയുമായി താരതമ്യം ചെയ്ത്, ഇപ്പോഴത്തെ നേതൃശൈലി പാർട്ടിക്ക് തിരിച്ചടിയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
ഏകാധിപത്യ സ്വഭാവത്തിലുള്ള പ്രവർത്തനശൈലി പാർട്ടിക്ക് ദോഷകരമാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നതോടെ സംഘടനാ തലത്തിൽ ആശയവിനിമയ പ്രശ്നങ്ങൾ കൂടുതൽ വ്യക്തമാകുന്നതായാണ് വിലയിരുത്തൽ.
