പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നീക്കം ഒമ്പതാം ദിവസവും തുടരുന്ന സാഹചര്യത്തിൽ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മാർപാപ്പ ലിയോ പതിനാലാമൻ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ലോക സമാധാനത്തിനായുള്ള സന്ദേശം പങ്കുവെച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സംഘർഷാവസ്ഥ ജനങ്ങളിൽ ഭയവും വിദ്വേഷവും വർധിപ്പിക്കുന്നതായും ഇത് അതീവ ആശങ്കാജനകമാണെന്നും മാർപാപ്പ പറഞ്ഞു.
ആക്രമണങ്ങൾ ലെബനൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്ക പ്രദേശത്ത് കൂടുതൽ അസ്ഥിരത സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. “ആയുധങ്ങൾ നിശബ്ദമാകട്ടെ, ബോംബുകളുടെ ഗർജ്ജനം അവസാനിക്കട്ടെ. പകരം ജനങ്ങളുടെ ശബ്ദം കേൾക്കുന്ന സംവാദത്തിന്റെ വാതിലുകൾ തുറക്കപ്പെടണം,” എന്നായിരുന്നു മാർപാപ്പയുടെ ആഹ്വാനം.
ഭീഷണികളിലൂടെയോ സൈനിക ശക്തിയിലൂടെയോ അല്ല, മറിച്ച് നയതന്ത്രവും ഉത്തരവാദിത്തമുള്ള സംവാദവും വഴിയാക്കിയാൽ മാത്രമേ സ്ഥിരമായ സമാധാനം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
