ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ മിസൈൽ ആക്രമണം

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപം മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ ഒരാൾ മരിച്ചതായാണ് വിവരം. ബുഷെഹർ ആണവ നിലയത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) സ്ഥിരീകരിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണ് ജീവനക്കാരിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സമീപത്തെ ഒരു കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും അറിയുന്നു.

അതേസമയം, ആക്രമണത്തെ തുടർന്ന് ആണവ നിലയത്തിൽ വികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇറാനിൽ പ്രവർത്തിക്കുന്ന ഏക ആണവ നിലയമാണിത്. യുദ്ധം ആരംഭിച്ചതിനുശേഷം ഈ കേന്ദ്രം ലക്ഷ്യമാക്കി നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ആക്രമണത്തിൽ ബാധിക്കപ്പെട്ട കെട്ടിടങ്ങളിൽ നിർണായക ഉപകരണങ്ങൾ ഉണ്ടായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആണവ നിലയങ്ങൾക്കും അവയുടെ പരിസര പ്രദേശങ്ങൾക്കും നേരെയുളള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും, ആണവ അപകട ഭീഷണി മുൻനിർത്തി എല്ലാ പക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഘർഷ സാഹചര്യങ്ങളിലും ആണവ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക