മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശനവുമായി രംഗത്തെത്തി. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അവ പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യേണ്ടതാണെന്നും, പൊതുവേദികളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളെ കാണുമ്പോൾ കാര്യങ്ങൾ മറക്കരുതെന്നും, സീറ്റിനായി താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടതിനാലാണ് താൻ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചതെന്നും, ഇന്ദിരാ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചിറ്റൂരിൽ മത്സരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് നടന്ന മത്സരങ്ങളും പാർട്ടി നിർദേശപ്രകാരം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചോയെന്ന ചോദ്യത്തിന്, തന്റെ കാലത്തെ പട്ടികയിൽ അത് കൃത്യമായി പാലിച്ചിരുന്നുവെന്നായിരുന്നു മറുപടി. കോൺഗ്രസ് എല്ലായ്പ്പോഴും സമവാക്യങ്ങൾ കണക്കിലെടുത്താണ് മുന്നോട്ട് പോകുന്നതെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ ഉൾപ്പെടുത്തി എല്ലാ വിഭാഗങ്ങൾക്കും തുല്യ പരിഗണന നൽകിയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനെ തുടർന്ന് കെ. സുധാകരനെ ഉൾപ്പെടുത്താത്തതിനെതിരെ അദ്ദേഹത്തിന്റെ അനുയായികൾ വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു.
